ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം.

    കോഴിക്കോട് ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചെക്യാട് പഞ്ചായത്തിന് സമ്പുഷ്ടമായൊരു ഇന്നലെയുടെ ചരിത്രമുണ്ട്. പഴയ കുറുമ്പനാട് താലൂക്കി‍ന്‍റെ ചരിത്രപ്രസിദ്ധമായ കടത്തനാട് രാജ വംശത്തി‍ന്‍റ ഭരണമേഖലയി‍ല്‍‍ പെട്ടതാണ് ഈ പ്രദേശം.  ചെക്കി-ചെടി ഇടതൂർന്ന് വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ ഈ പഞ്ചായത്തിന്  ചെക്കികാട്  എന്നായിരുന്നു  ആദ്യത്തെ സ്ഥലനാമം.  പിന്നീട് അത് ലോപിച്ച് ചെക്യാട് എന്നായി മാറി.  കുറ്റിപ്പുറം,  ആയഞ്ചേരി എന്നീ കോവിലകങ്ങളുടെ വകയായിരുന്നു  അധിക പ്രദേശങ്ങളും.  രണ്ട് യോഗികൾ കുറ്റിപ്പുറം  തമ്പുരാന്‍റ അസുഖം ഭേദമാക്കി കൊടുത്തുവെന്നും അതിന് പ്രതിഫലമായി  അവർക്ക്  കുടിയിരുക്കുവാന്‍ ചെക്യാട് കുറെ ഭൂമി ചാർത്തിക്കൊടുത്തുവെന്നും പറയപ്പെടുന്നു.  ആ യോഗികൾ കുളിച്ചിരുന്ന തോട് യോഗിത്തോട് എന്ന പേരിലും അറിയപ്പെട്ടുവന്നു.  ആ യോഗിത്തോടാണ്  പിൽക്കാലത്ത്  ചോയിത്തോട് ആയിമാറിയത് എന്ന ഐതീഹ്യവും പ്രചാരത്തിലുണ്ട്. പഞ്ചായത്തിന്‍റെ  ഇന്നത്തെ തലസ്ഥാനമായ പാറക്കടവിൽ  സുമാർ 500  വർഷം മുമ്പ് വളരെ വിപുലമായ രൂപത്തിൽ ഒരു അങ്ങാടി പ്രവര്‍ത്തിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു.  അതുകൊണ്ടാണ്  പുഴയോരത്തെ പുരാതന അങ്ങാടി നിലനിന്നിരുന്ന പ്രദേശത്തെ ഇന്നും പഴയങ്ങാടി എന്നപേരിൽ അറിയപ്പെടുവാൻ  കാരണം.   വഞ്ചിവഴിയും ഉരുവഴിയും  ഈ അങ്ങാടിയിലേക്ക് ചരക്കുകൾ  കൊണ്ടുവന്നിരുന്നുവെന്നും  പറയപ്പെടുന്നു.  1921-ലെ സെൻസസ് മാനുവൽ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും ജനവാസമുള്ളതായി രേഖപ്പെടുത്തിയിരുന്നു.  ഹിന്ദുക്കളും മുസ്ളീങ്ങളുമായിരുന്നു പ്രധാന മതവിഭാഗക്കാർ.  ഇവർ  സൌഹാർദ്ദത്തോടെയായിരുന്നു ജിവിച്ചിരുന്നത്.  പഴയ കാലത്ത് നാട്ട് പ്രമാണിമാരും അധികാരികളുമാണ് ഭരണം നടത്തിയിരുന്നത്.  ചെറിയ ചെറിയ കേസുകൾ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമുള്ള  അധികാരം അന്നത്തെ അധികാരിയിൽ  നിക്ഷിപ്തമായിരുന്നു.  അതുകൊണ്ടാണ് അധികാരിയെ അക്കാലത്തെ ജനങ്ങൾ വില്ലേജ് മുൻസിഫ് എന്ന് വിളിച്ചിരുന്നത്. കുടിയാന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ തന്നെ സകലമാന നിയന്ത്രണങ്ങളും ജന്മിയിൽ നിക്ഷിപ്തമായിരുന്നു.  12 വർഷത്തേക്ക് ജന്മിമാർ  ചാർത്തിക്കൊടുത്ത  ഭൂമിയിൽ നിന്നും പ്രതിവർഷം  പണമായും മറ്റ് സാധനങ്ങളായും ജന്മിക്ക് പുറപ്പാട് കെടുക്കാനും  അന്ന് വ്യവസ്ഥ ചെയ്തിരുന്നു.  ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടാൽ കുടിയൊഴിപ്പിക്കലായിരുന്നു അനന്തരഫലം.  ജന്മിമാരുടെയും നാടുവാഴിയുടെയും പ്രധാനയാത്ര മഞ്ചലിൽ ആയിരുന്നു.  ഏതാനും ആളുകൽ ചുമന്ന് കൊണ്ടുപോകുന്ന തുണിമഞ്ചത്തിനായിരുന്നു മഞ്ചൽ എന്ന് പറയുന്നത്.  സ്ഥലത്തെ പ്രധാന ദിവ്യൻ വന്നാൽ മാത്രമേ കല്യാണ വീടുകളിൽ ചടങ്ങുകൾ ആരംഭിക്കാനും ഭക്ഷണം വിളമ്പൽ  തുടങ്ങാനും അനുവദിച്ചിരുന്നുള്ളൂ.  പ്രധാനിക്ക് എന്തെങ്കിലും കാരണവശാൽ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹത്തെ പ്രതിനിധീകരിച്ച് കൊടുത്തയക്കുന്ന വടി പന്തലിൽ തൂക്കിയതിന് ശേഷമേ സദ്യ ആരംഭിക്കുകയുള്ളൂ. ഇരുപതാം നൂറ്റാണ്ടിന്‍റെ   ആദ്യ പകുതിയിൽ ജീവിച്ചിരുന്ന  ജനങ്ങളുടെ  ജീവിത നിലവാരം ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു.  സ്ത്രീകളിൽ പലരും കുപ്പായം ധരിക്കുകയോ മാറു മറയ്ക്കുകയോ ചെയ്തിരുന്നില്ല.  മുസ്ളീം സ്ത്രീകൾ കാച്ച്  മുണ്ടും മാർ വലിച്ച കുപ്പായവും കറുത്ത ഉറുമാലുമായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്.  ചെരിപ്പിട്ട് നടക്കലും  മീശ വളര്‍ത്തലുമൊക്കെ സവർണ്ണരുടെ കുത്തകയായിരുന്നു.  ഭക്ഷ്യധാന്യം, മണ്ണെണ്ണ, പഞ്ചസാര, തുണി എന്നിവയ്ക്ക് കടുത്ത ക്ഷാമം അക്കാലത്ത് അനുഭവപ്പെട്ടിരുന്നു . മൃതദേഹം പൊതിയാനുള്ള  തുണിപോലും  കിട്ടാൻ അന്ന് വളരെ പാടുപെട്ടിരുന്നു.  കല്യാണ വീടുകളിൽ പോലും പഞ്ചസാരയ്ക്കു പകരം ശർക്കരയായിരന്നു ഉപയോഗിച്ചിരുന്നത്. ഒരാൾക്ക്  കണ്‍ട്രോൾ  പീടികയിൽ നിന്നും ആഴക്ക് അരിയായിരുന്നു അന്നു ലഭിച്ചിരുന്നത്.  തുണിക്കും കണ്‍ട്രോൾ ഏർപ്പെടുത്തിയിരുന്നു. മണ്ണെണ്ണയുടെ  പഞ്ഞം നിമിത്തം ഈരോടൻ എണ്ണ ഉപയോഗിച്ച് കത്തിക്കുന്ന  വിളക്കായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. പുരുഷന്മാരിൽ പലരും മുണ്ടും മേൽമുണ്ടും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.  അധിക വീടുകളിലും  അക്കാലത്ത് മണ്‍പാത്രമേ ഉണ്ടായിരുന്നുള്ളു.  അപൂർവ്വം ചില വീടുകളിൽ ചീനഭരണിയും ഉണ്ടായിരുന്നു. കിണറ്റിൽ നിന്നും വെള്ളം കോരാൻ കുത്തു പാളയായിരുന്നു ഉപയോഗിച്ചിരുന്നത്.  വീടുകൾ അധികവും ഓല മേഞ്ഞതായിരുന്നതിനാൽ  മിക്കവാറും  വീടുകളുടെ ഉമ്മറത്ത് നെരിപ്പോട് കാണാമായിരുന്നു.  ഓലമേഞ്ഞ വീട് വേഗത്തിൽ ദ്രവിച്ചു പോകാതിരിക്കാന്‍  വേണ്ടി  പുകയിടാനാണ് തീക്കളം ഉപയോഗിച്ചിരുന്നത് .  സാധാരണക്കാർ  അവരുടെ അടിയന്തരാവശ്യങ്ങൾ നിർവ്വഹിക്കുവാൻ വേണ്ടി തങ്ങളുടെ നാണ്യവിളകൾ പാട്ടത്തിന് കൊടുക്കുക പതിവായിരുന്നു.  തേങ്ങ, കുരുമുളക്, അടയ്ക്ക എന്നിവയെല്ലാം പാട്ടം കൊടുത്തിരുന്നു. ഒരു വർഷത്തെ വിള മുൻകൂറായി മതിച്ചു വിൽക്കുന്ന  സമ്പ്രദായത്തിനാണ് പാട്ടം കൊടുക്കൽ എന്ന് പറഞ്ഞിരുന്നത്. സാധാരണയായി തുലാം പത്തിനാണ് പാട്ടം  പിരിയൽ .  പറിച്ചെണ്ണത്തിന് വിൽക്കൽ എന്ന മറ്റൊരു സമ്പ്രദായവും നിലവിലുണ്ടായിരുന്നു. വിവാഹാഘോഷങ്ങളിലും കല്യാണസമ്പ്രദായങ്ങളിലും പഴയകാലം ഇന്നത്തേതിലും വളരെ വ്യത്യസ്തമായിരുന്നു.  നായർ സമുദായത്തിലെ വിവാഹാചാരത്തിന് പുടമുറി എന്നാണ് പറഞ്ഞിരുന്നത്. വരന്‍റെ വീട്ടുകാർ വിവാഹപ്പുടവയുമായി  വധുവിന്‍റെ  വീട്ടിൽ പോകുകയും ചടങ്ങുകൾക്ക്  ശേഷം പിറ്റേ  ദിവസം അതിരാവിലെ വധുവിനെയും കൂട്ടി തിരിച്ചുവരികയും ചെയ്തിരുന്നു.  മുസ്ളീങ്ങളിൽ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമായിട്ടായിരുന്നു വിവാഹം നിലനിന്നിരുന്നത്.  ഒന്നാം  ദിവസത്തെ  പുതിയാപ്പിള പോക്ക്, തുടർന്നുള്ള  രണ്ട് ദിവസങ്ങളിൽ  പുതിയാപ്പിളയെ വിളിച്ച് സല്‍ക്കരിക്കൽ എന്നിവ ഒന്നാം വിളി എന്ന പേരിലും രണ്ടാംവിളി എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.  തുടർന്ന് ആറ് മാസവും ഒരു വർഷവുമൊക്കെ കഴിഞ്ഞാണ് വധുവിനെ വരന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരൽ . ഇതും ഒരു വലിയ ചടങ്ങായി പല പ്രദേശങ്ങളിലും ആചരിച്ചു  വന്നു.  ഈഴവരുടെ വൈവാഹിക ആഘോഷങ്ങളെല്ലാം പകൽ സമയത്തായിരുന്നു  നടത്തിയിരുന്നത്.  വിവാഹത്തിനാവശ്യമായ പണം സ്വരൂപിക്കുന്നതിന്  വേണ്ടി മുസ്ളീങ്ങളിൽ  പണം ഒപ്പിക്കൽ  എന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ഇവിടെയുള്ള പാർപ്പിടങ്ങളിൽ അധികവും ഓലമേഞ്ഞതായിരുന്നു . ചെറ്റപ്പുരകളായിരുന്നു  കൂടുതലും.  കട്ടകൊണ്ടും കല്ലുകൊണ്ടുമുള്ള പുരകളും ഉണ്ടായിരുന്നു.  വീടുകള്‍ക്ക് വെളിച്ചവും  വായുസഞ്ചാരവും കുറവായിരുന്നു. ജാലകങ്ങൾ എണ്ണത്തിൽ  വളരെ പരിമിതമായിരുന്നു.  ഓടുമേഞ്ഞ വീടുകളും വളരെ കുറവായിരുന്നു.  വാർപ്പ്  വീടുകൾ ഉണ്ടായിരുന്നില്ല.  വലിയൊരു വിഭാഗം ജനങ്ങൾ അന്യരുടെ പറമ്പിൽ വെറും പാർപ്പായിരുന്നു.  10 സെന്‍റിന്‍റെ അവകാശം അവർക്കില്ലായിരുന്നു.  ഭൂരിഭാഗവും തൊഴിലെടുത്താണ്  ജീവിച്ചു പോന്നിരുന്നത്.  കാട് വെട്ടിത്തെളിയിച്ച് കൃഷി ചെയ്യൽ , കാർഷികമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഇവയായിരുന്നു മുഖ്യതൊഴിൽ . മലമ്പ്രദേശങ്ങളിൽ  കൃഷിചെയ്തിരുന്ന മരക്കിഴങ്ങ്, പുല്ല് എന്നിവ കൊണ്ടുവന്ന് വിറ്റ് ജീവിച്ചവരുമുണ്ടായിരുന്നു.  ചിലരൊക്കെ മത്സ്യവിപണനവുമായി ബന്ധപ്പെട്ട തൊഴിലും എടുത്തിരുന്നു.  വടകര കാരക്കാട്ടെ കടപ്പുറം വരെ നടന്നുപോയി അവിടെ നിന്നും മത്സ്യം വാങ്ങി കുട്ടയിലിട്ട് കാവാക്കി ചുമന്ന് കൊണ്ടുവന്ന് ഗ്രാമപ്രദേശങ്ങളിൽ  വിറ്റിരുന്നതായും  അറിയുന്നു.  ഏതാനും പേര്‍ ജോലി തേടി ബർമ്മ, റങ്കൂണ്‍, സിലോണ്‍, പെനാങ്ക്, സിങ്കപ്പൂർ  തുടങ്ങിയ വിദേശരാജ്യങ്ങളിലും പോയിരുന്നു.  രണ്ടാം ലോക മഹായുദ്ധകാലത്ത് ബർമ്മയിൽ നിന്നും അഭയാർത്ഥികളായി തിരിച്ചു പോരേണ്ടിവന്ന നിരവധിപേർ  ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. ബർമ്മയിൽ  നിന്നും മണിപ്പൂർ കാടുകളിലൂടെ മിസോറാം വഴി കാൽനടയായാണ് അവർ കൽക്കത്തയിൽ എത്തിയിരുന്നത്.  പലരും യാത്രാ മദ്ധ്യേ മരിച്ചു പോകുകയും ചെയ്തു. ബർമ്മയിലും സിലോണിലും കല്യാണം കഴിച്ച് അവിടുത്തെ പൌരത്വം സ്വീകരിച്ച ചിലരും ഉണ്ടായിരുന്നു.  ഏകീകരിച്ച കൂലിസമ്പ്രദായവും നിലവിലുണ്ടായിരുന്നില്ല.  നെല്ല് കുത്തുക, വെള്ളം കോരുക, അരക്കുകയും വെക്കുകയും ചെയ്യുക തുടങ്ങിയ ഗാർഹിക ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർക്ക് അധികവും സാധനമായാണ് കൂലികൊടുത്തിരുന്നത്.  ഓണം, വിഷു, റംസാൻ, പെരുന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ സ്ഥിരം തൊഴിലാളികളായവർക്ക് പാരിതോഷികം ലഭിച്ചിരുന്നു . 1970-ൽ ടിപ്പുസുൽത്താന്‍റെ  പടയോട്ടകാലത്താണ് പേരോട്, പാറക്കടവ്, ചെറ്റക്കണ്ടി റോഡ് നിർമ്മിക്കപ്പെട്ടത്.  ഇതായിരുന്നു ഈ പഞ്ചായത്തിലെ പൊതു നിരത്ത്.  വടകര, തലശ്ശേരി തുടങ്ങിയ വിപണന കേന്ദ്രങ്ങളിൽ കാർഷിക വിളകൾ കൊണ്ടുപോയിരുന്നത് അധികവും ചുമടായിട്ടായിരുന്നു.  വയനാട്ടിലേക്ക് തേങ്ങയും അവിടെ  നിന്ന് ഇങ്ങോട്ട് നെല്ലും കാവ് ഉപയോഗിച്ച്  കൊണ്ടുവന്നിരുന്നത് നിത്യകാഴ്ചയായിരുന്നു. ഇരുപതാം  നൂറ്റാണ്ടിന്‍റെ  പ്രാരംഭഘട്ടത്തിൽ  ഇവിടെ ആർക്കും മോട്ടോർ വാഹനമുണ്ടായിരുന്നില്ല.  പലരും കാളവണ്ടിയെയായിരുന്നു ആശ്രയിച്ചിരുന്നത് . ഉയർന്ന  ഉദ്യോഗസ്ഥന്‍മാരും  രാജാക്കന്മാരുമൊക്കെ കുതിരപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്.  ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ഈ പഞ്ചായത്തിലെ സാക്ഷരതാനിരക്ക് ആറുശതമാനത്തിലും  താഴെയായിരുന്നു . 1911-നു മുമ്പ് സ്ഥാപിക്കപ്പെട്ടതാണ് ചെക്യാട് ബോർഡ് സ്കൂൾ (ഇപ്പോഴത്തെ ഗവ.എൽ.പി.സ്കൂൾ) . 1928-ൽ ചെക്യാട്ടെ ചാത്തോത്ത് രാമൻ ഗുരുക്കൾ എന്നയാളുടെ വീട്ടിൽ  ഗുരുകുലസമ്പ്രദായത്തിലാരംഭിച്ച കുടിപ്പള്ളിക്കൂടം,  താനക്കോട്ടൂരിലെ  പാറപ്പൊയിൽ എം.എൽ.പി.സ്കൂൾ എന്നിവയാണ് ഈ പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങൾ . കുടിപ്പള്ളിക്കൂടങ്ങളും ഓത്തുപുരകളും രൂപാന്തരം പ്രാപിച്ചതാണ് പഞ്ചായത്തിലെ മിക്ക വിദ്യാലയങ്ങളും.  ഇവിടെ നിന്നു വളരെ അകലെയുള്ള കടത്തനാട് രാജാസ് ഹൈസ്കൂളിൽ  നടന്നു പോയി വിദ്യനേടിയ ചുരുക്കം ചിലരും അന്നുണ്ടായിരുന്നു.  പനയോലയിൽ എഴുത്താണി  ഉപയോഗിച്ചെഴുതിയ  അക്ഷരക്കൂട്ടങ്ങളായിരുന്നു അന്നത്തെ പഠിതാവിന്‍റെ ബാലപാഠങ്ങൾ. ഇംഗ്ളീഷ് പഠനം ചില പ്രത്യേകവിഭാഗങ്ങൾ വെറുക്കുകയും ചെയ്തിരുന്നു . മുസ്ളീം സ്ത്രീകൾ വിദ്യാഭ്യാസ  രംഗത്ത്  അക്കാലത്ത് വളരെ  പിന്നിലായിരുന്നു.